ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും;കുവൈറ്റ് ആരോഗ്യ മന്ത്രാലയം

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം. മരുന്ന് ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാരാണെന്നും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ഉണ്ടായ മരുന്ന് ക്ഷാമം നേരിടുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും കുവെെറ്റ് ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അർബുദ രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമായതായും ബദൽ മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള പ്രോട്ടോക്കോൾ സംബന്ധിച്ചു ആശയകുഴപ്പം നിലനിൽക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണകുറിപ്പ് ഇറക്കിയത്.

രാജ്യത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അവരുടെ ആവശ്യത്തിനുള്ള മരുന്നുകളും ഉറപ്പാക്കുന്നുണ്ട്. ഏതെങ്കിലും മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതിന് കൃത്യമായ ബദൽ മരുന്ന് നൽകാൻ മന്ത്രാലയത്തിന് കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട്.

Read more

ആഗോളതലത്തിൽ ക്ഷാമം അനുഭവപ്പെടുന്ന എല്ലാ മരുന്നുകൾക്കും അതേ രാസഘടകങ്ങൾ അടങ്ങിയ ബദലുകൾ ലഭ്യമാണെന്നും പ്രദേശികമായി ലഭ്യമല്ലാത്ത മരുന്നുകൾ വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളുമായി കൈകോർത്തു കൊണ്ട് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.