പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; ഓൺലൈൻ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി കുവെെറ്റ്

പുതിയ വിസയിൽ കുവെെറ്റിലേയ്ക്ക് എത്തുന്നവരുടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്‌ ഓൺലൈൻ വെരിഫിക്കേഷൻ നിർബന്ധമാക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാർക്കാണ് ആദ്യഘട്ടത്തിൽ ഓൺലൈന്‍ വെരിഫിക്കേഷൻ നിർബന്ധമാക്കുക. സെപ്റ്റംബറോടെ എല്ലാ രാജ്യക്കാർക്കും ബാധകമാക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ അധികൃതരുമായുള്ള ഏകോപനത്തോടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡാറ്റ ഇലക്ട്രോണിക് രൂപത്തിൽ കുവൈറ്റ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഉടമയ്ക്കെതിരെ കുവൈത്തിൽ കേസുകളോ ക്രിമിനൽ റെക്കോർഡുകളോ ഇല്ലെന്നു ഉറപ്പാക്കിയ ശേഷം ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള അപ്രൂവൽ ലഭിച്ചാൽ മാത്രമാണ് നാട്ടിലെ എംബസ്സി വിസ സ്റ്റാമ്പിങ് പൂർത്തിയാക്കുക.

കുടുംബവിസ ഉൾപ്പെടെ എല്ലാ വിസാ കാറ്റഗറികൾക്കും ബാധകമായ പരിഷ്കരണം ഇന്ത്യക്കാർക്കാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. നിലവിൽ പുതിയ വിസയിൽ കുവൈത്തിലേക്ക് വരുന്നവർ വിസ സ്റ്റാമ്പിങ് വേളയിൽ നാട്ടിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് കുവൈത്ത് എംബസ്സിയിലോ കോൺസുലേറ്റിനോ സമർപ്പിക്കണമായിരുന്നു.

പേപ്പർ രൂപത്തിൽ സമർപ്പിക്കുന്ന ഈ സർട്ടിഫിക്കറ്റിന്‍റെ ആധികാരികത ഉറപ്പാക്കുന്നതിനാണ് ഓൺലൈൻ വെരിഫിക്കേഷൻ നിര്‍ബന്ധമാക്കുന്നത്.