നോര്‍ക്ക റൂട്‌സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകടത്തെ തുടര്‍ന്നു മരണം സംഭവിക്കുകയോ പൂര്‍ണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവര്‍ക്കാണു പരിരക്ഷ. അപകടമരണം ഉണ്ടായാല്‍ ലഭിക്കുന്ന തുക 2 ലക്ഷത്തില്‍ നിന്നു 4 ലക്ഷവും പരിക്കേറ്റവര്‍ക്കുള്ള പരിരക്ഷ 2 ലക്ഷം രൂപവരെയും ഉയര്‍ത്തി.
പുതുക്കിയ ആനൂകൂല്യത്തിന് 2020 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. ഏപ്രില്‍ ഒന്നു മുതല്‍ അംഗമായവര്‍ക്കും അതിന് മുമ്പ് അംഗങ്ങളായവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്കും വര്‍ദ്ധിപ്പിച്ച ആനുകൂല്യം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 പ്രവാസി ആശ്രിത കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തതായി നോര്‍ക്ക അറിയിച്ചു.
കുറഞ്ഞത് ആറുമാസം സാധുതയുള്ള വിസ, പാസ്‌പോര്‍ട്ട് എന്നിവയോടെ വിദേശത്ത് ജോലി ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുക. രജിസ്‌ട്രേഷന്‍ ഫീസായ 315 രൂപ ഓണ്‍ലൈനായി അടച്ചു നോര്‍ക്ക റൂട്‌സ് വെബ്‌സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കു ടോള്‍ ഫ്രീ നമ്പറുകള്‍ ആയ 1800 4253939 ( ഇന്ത്യ)ല്‍ വിളിക്കുകയോ, 00918802012345 നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യുകയോ ചെയ്യുക.