പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി ഒമാന്‍; 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് വിലക്ക്

പ്രവാസികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്ന തീരുമാനവുമായി ഒമാന്‍. ആറു മാസത്തേക്ക് 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് ഒമാന്റെ തീരുമാനം. ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത് ഒമാന്‍ മാന്‍ പവര്‍ മന്ത്രാലയമാണ്.

മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഐടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിംങ്, സെയില്‍സ്, അഡ്മിന്‍, മീഡിയ, മെഡിക്കല്‍, വിമാനത്താവളത്തിലെ ജോലികള്‍ എന്നീ മേഖലകളിലെ തൊഴില്‍ വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരെത്ത ഒമാനില്‍ സ്വദേശിവത്കരണം കര്‍ശനമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. കൂടുതല്‍ സ്വദേശിക്കള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് രാജ്യം സ്വീകരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സ്വകാര്യ സ്ഥാപനങ്ങളും, വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപടി സ്വീകരിക്കും. 6217 സ്വദേശികള്‍ക്കാണ് കഴിഞ്ഞ ഡിസംബര്‍ മൂന്നു മുതല്‍ ജനുവരി ഒമ്പതു വരെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചത്.

നേരെത്ത സൗദിയിലും സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് നിന്നും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായിരുന്നു.