സ്വര്‍ണം, വൈരക്കല്ലുകള്‍ എന്നിവയടക്കം വിലപിടിപ്പുള്ള ലോഹങ്ങളുടെ ക്രയവിക്രയം നടത്തുന്നതിന് ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിക്കണമെന്ന് ഒമാനിലെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ് എന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം വിരുദ്ധ നിയമം എന്നിവ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുന്നതോടെ ജ്വല്ലറികള്‍ക്കും മറ്റ് സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇടപാടുകരോട് രേഖകള്‍ ആവശ്യപ്പെടേണ്ടി വരും. ഇതിലൂടെ സ്വര്‍ണം അടക്കമുള്ള ലോഹങ്ങളുടെ ഇടപാടുകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് ലഭ്യമാകും. കാര്‍ഡില്ലാത്തവര്‍ക്ക് ഇത്തരം ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വരും.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാകുന്നതോടെ അനധികൃതമായി ഒമാനില്‍ കഴിയുന്നവര്‍ക്ക് സ്വര്‍ണം വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. വിസിറ്റിങ് വിസയില്‍ ഒമാനില്‍ എത്തുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കും. നിയമം കര്‍ശനമാകുന്നതോടെ സന്ദര്‍ശനത്തിനായി ഒമാനില്‍ എത്തുന്ന ആളുകള്‍ക്കും സ്വര്‍ണം വാങ്ങാന്‍ കഴിയില്ല.
രാജ്യത്ത് സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരുടെ റസിഡന്റ് കാര്‍ഡ് വാങ്ങി ഈ രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം എന്ന നിയമം നിലവിലുണ്ട്. സ്വര്‍ണം വാങ്ങുന്നതിന് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മൊത്ത വ്യാപാരികളില്‍നിന്ന് സ്വര്‍ണക്കട്ടികള്‍ വാങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല. എന്നാല്‍, വ്യക്തികള്‍ സ്വര്‍ണക്കട്ടികള്‍ വാങ്ങാന്‍ എത്തുമ്പോള്‍ മൊത്ത വ്യാപാരികള്‍ റസിഡന്റ് കാര്‍ഡുകള്‍ ആവശ്യപ്പെടാറുണ്ട്.
രാജ്യത്ത് ബാങ്ക് ഇടപാടുകള്‍ക്കും മറ്റ് പണമിടപാടുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കാര്‍ഡിന്റെ കാലാവധി കഴിയുന്നതോടെ ബാങ്ക് ഇടപാടുകളും നിലക്കും. ഇതേ രീതി സ്വര്‍ണം അടക്കമുള്ള ലോഹങ്ങളുടെ ക്രയവിക്രയത്തിലും നടപ്പിലാക്കി കൊണ്ട് അനധികൃത സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.