കടല്‍മാര്‍ഗമുള്ള ലഹരിമരുന്ന് കടത്തല്‍ തടയാന്‍ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സാബിയും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ന്യൂഡല്‍ഹിയിലായിരുന്നു കൂടിക്കാഴ്ച.
ഒമാന്‍-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തില്‍ പങ്കെടുക്കാനാണ് ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ന്യൂഡല്‍ഹിയില്‍ എത്തിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സുല്‍ത്താന്‍ സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഒമാനില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
സംയുക്ത സൈനിക അഭ്യാസങ്ങള്‍, വ്യവസായ സഹകരണം, നിലവിലെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍ എന്നിവയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം വര്‍ധിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്താനും പരസ്പര താല്‍പ്പര്യമുള്ള മേഖലകളെ കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതിയോഗം ഒമാനില്‍ വെച്ച് നടത്താനും തീരുമാനമായി.