ഏകദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. അബുദാബിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ നരേന്ദ്ര മോദിയെ  സ്വീകരിച്ചു. ജർമനിയിൽ നടന്ന ജി 7 ഉച്ചകോടിക്ക്​ ശേഷമാണ്​ മോദി യുഎഇയിൽ എത്തിയത്​. അന്തരിച്ച യുഎഇ ഭരണാധികാരി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് നരേന്ദ്ര മോദി ആദരം അർപ്പിച്ചു.

സന്ദർശന വേളയിൽ, യുഎഇ പ്രസിഡന്റുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങളെ തുടർന്ന് യുഎഇ അടക്കമുള്ള രാജ്യങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഇന്ത്യയുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ തട്ടാതിരിക്കാനുള്ള അനുനയ നീക്കമായാണ് മോദിയുടെ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ന് രാത്രി​ തന്നെ ഇന്ത്യയിലേക്ക്​ മടങ്ങുകയും ചെയ്യും. പൊതു പരിപാടികളിലൊന്നും പ​ങ്കെടുക്കില്ലന്നാണ് റിപ്പോർട്ട്. ഇത് നാലാം തവണയാണ്​ മോദി യുഎഇ സന്ദർശിക്കുന്നത്​.

Read more

ജനുവരിയിൽ ദുബൈ എക്സ്​പോ സന്ദർശിക്കാനും സെപ കരാറിൽ ഒപ്പുവെക്കാനും പ്രധാനമന്ത്രി യുഎഇയിൽ എത്തുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഒമിക്രോൺ വകഭേദം വ്യാപകമായതിനെ തുടർന്ന്​ യാത്ര മാറ്റിവെക്കുകയായിരുന്നു. ഇതേതുടർന്ന്​ വിർച്വലായാണ്​ ഒപ്പുവെക്കൽ ചടങ്ങ്​ നടന്നത്​.