ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്. കോവിഡ് 19 കാരണം രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് പ്രാബല്യത്തിലാകുന്നതോടെയാണ് ഈ തീരുമാനം. ജൂണ്‍ അവസാനത്തോടെ 80 ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് നേരത്തെ അറിയിച്ചിരുന്നു.
നിലവില്‍ ഭൂരിഭാഗം ഭൂഖണ്ഡങ്ങളിലേക്കുമായി 30 പ്രതിദിന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുന്നുണ്ട്. ഉടനെ ലോകത്തിലെ 52 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോവിഡ് 19 വ്യാപിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ആഗോളതലത്തിലെ പ്രവേശന നിയന്ത്രണങ്ങളിലെ ഇളവും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണിത്.
ജൂണ്‍ അവസാനത്തോടെ അഹമദാബാദ്, അമൃത്സര്‍, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും നടത്തുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. കേരളത്തിലെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.