Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

ഖത്തര്‍ ഉപരോധത്തിന് അയവു വന്നേക്കും; ആദ്യപടിയായി യാത്രാവിലക്ക് നീക്കാന്‍ ആലോചന

, 10:26 am

ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം. ഉപരോധം നീക്കുന്നതിന്റെ ആദ്യ പടിയായി ഖത്തര്‍ പൗരന്മര്‍ക്കു മേലുള്ള ഉപരോധത്തിനു അയവ് വരുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലണ്ടനില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഖത്തര്‍ ഉപരോധം ഇവരുടെ ചര്‍ച്ചയിലെ പ്രധാന വിഷയമാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. ലണ്ടനിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ഉപരോധം കാരണം വലിയ തോതില്‍ സാമ്പത്തിക പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഉപരോധം കൊണ്ട് ഖത്തറിനെ മുട്ട്കുത്തിക്കാനോ അവിടെ ഭരണമാറ്റം കൊണ്ടുവരാനോ സാധിച്ചിട്ടില്ലെന്നുമുള്ള നിലപാടാണ് ബ്രിട്ടണ്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇരുപക്ഷത്തും നില്‍ക്കുന്ന രാജ്യങ്ങള്‍ പരസ്പരം പൗരന്മാരെ നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ അതൊരു മികച്ച തുടക്കമായിരിക്കുമെന്നും ബ്രിട്ടണ്‍ നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപരോധം അവസാനിപ്പിച്ചാല്‍ ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാന്‍ സാധിക്കും. പതിനായിര കണക്കിന് ഗള്‍ഫ് പൗരന്മാര്‍ക്ക് തീരുമാനം ആശ്വാസമായി മാറും.

ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചു പൂട്ടുക എന്നത് ഉള്‍പ്പെടെ 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം മറികടക്കാന്‍ ഖത്തര്‍ നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു.

Advertisement