Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

QATAR LIVE

നിപ്പാ വൈറസ്; കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍

, 4:13 pm

നിപ്പാ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി ഖത്തര്‍. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് ഖത്തര്‍ നല്‍കിയത്.

നിപ്പാ വൈറസ് ഖത്തറിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സ്വദേശികളും വിദേശികളും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കേരളത്തില്‍ നിന്നു ഖത്തറിലേക്കുള്ള യാത്രക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഖത്തര്‍ പൗരന്‍മാര്‍ക്ക് മാത്രമല്ല, ഖത്തറില്‍ ഇപ്പോള്‍ താമസിക്കുന്നവര്‍ക്കും യാത്രാ നിയന്ത്രണമുണ്ട്.  കേരളത്തില്‍ നിന്ന് ചരക്കുകള്‍ ഇറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. നേരത്തെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് തിരിച്ചടിയാണ് പുതിയ നിയന്ത്രണം.

പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് ബാധിച്ച് 17 പേരാണ് മരിച്ചത്. സംസ്ഥാനത്ത് രണ്ടായിരത്തോളം പേര്‍ നിരീക്ഷണത്തിലാണ്. നിപ്പാ രണ്ടാം ഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

 

 

Advertisement