കോവിഡ് സാഹചര്യത്തില്‍ രണ്ടര മാസത്തോളമായി അടച്ചിട്ടിരിക്കുന്ന പള്ളികള്‍ തുറക്കാനൊരുങ്ങി ഖത്തര്‍. ജൂണ്‍ 15 മുതല്‍ ഖത്തറിലെ പള്ളികള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു.
തുറക്കുന്ന പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും ബാത്ത് റൂമുകളും അടച്ചിടും. ഇതിനാല്‍ നമസ്‌കാരത്തിന് വരുന്നവര്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയായിരിക്കണം പള്ളികളില്‍ എത്തേണ്ടത്. നമസ്‌കാരത്തിന് പള്ളികളില്‍ നേരത്തേ വരരുത്. ബാങ്കു വിളിക്കുമ്പോള്‍ മാത്രമേ പള്ളികള്‍ തുറക്കൂ.
പള്ളികള്‍ക്കുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പ് മൊബൈലില്‍ കാണിക്കണം. വരുന്നവര്‍ സ്വന്തം നമസ്‌കാരപായ കൊണ്ടു വരണം. ഇത് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. അവ പള്ളികളില്‍ വെച്ച് പോകാനും പാടില്ല. പള്ളികളില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കണം. ഖുര്‍ആന്‍ സ്വന്തമായി കൊണ്ടു വരണം. അവയും കൈമാറ്റം ചെയ്യാന്‍ പാടില്ല. മൊബൈലില്‍ നോക്കി ഖുര്‍ആന്‍ പാരായണവും പാടില്ല.
അതേസമയം ജുമുഅ നമസ്‌കാരം പള്ളികളില്‍ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ ഓഗസ്റ്റ് മാസത്തില്‍ 54 പള്ളികളില്‍ ജുമുഅ നമസ്‌കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും എല്ലായിടത്തും ജുമുഅ നമസ്‌കാരമടക്കം ഉണ്ടാവുകയും ചെയ്യും.