കോവിഡ് 19 ബാധിതരെ പരിചരിക്കുന്ന വിദേശികളായ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്ത് ഖത്തര്‍ എയര്‍വേയ്സ്. ഒരു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഖത്തറില്‍ കോവിഡ് പ്രതിരോധ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരവായാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ഈ പ്രഖ്യാപനം.
ഈ ആനുകൂല്യം ലഭിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. പന്ത്രണ്ടാം തിയതി രാത്രി മുതല്‍ മെയ് 18-ന് രാത്രി വരെയുള്ള അഞ്ച് ദിവസമാണ് രജിസ്‌ട്രേഷന്‍ കാലയളവ്. qatarairways.com/ThankYouHeroes എന്ന വെബ്പേജില്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും മുന്‍ഗണനാ ക്രമപ്രകാരം പ്രൊമോഷന്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് യാത്രക്ക് 14 ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. കോഡ് ലഭിക്കാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന.
ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്മാര്‍, ക്ലിനിക്കല്‍ റിസര്‍ച്ചര്‍, ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ലോകത്തിലെ ഏത് രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യ ടിക്കറ്റിനായി അപേക്ഷിക്കാം. ഇക്കോണമി ക്ലാസ് ടിക്കറ്റാണ് ലഭിക്കുക.