ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നു. ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുന്ന പള്ളികളുടെ പട്ടിക മതകാര്യമന്ത്രാലയം പുറത്തിറക്കി. ജൂണ്‍ 15 ന് വിവിധ ഭാഗങ്ങളിലായി മൊത്തം 494 പള്ളികളാണ് തുറന്നുകൊടുക്കുന്നത്.
കോവിഡ് മുന്‍കരുതലുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചേ വിശ്വാസികള്‍ പള്ളികളിലെത്താകൂ. അംഗസ്‌നാനം വീട്ടില്‍ വെച്ച് തന്നെ നിര്‍വഹിച്ച് വേണം പള്ളികളിലെത്താന്‍. ഓരോരുത്തര്ക്കും നമസ്‌കരിക്കാനുള്ള പായകളും പാരായണം ചെയ്യാനുള്ള ഖുര്‍ആനും സ്വന്തമായി കൊണ്ടുവരണം. ഈ പായകള്‍ പള്ളികളില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല.
Read more
ബാങ്ക് വിളിച്ചതിന് ശേഷം മാത്രമെ പള്ളികള്‍ തുറന്നുകൊടുക്കാവൂ. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ നമസ്‌കാരമാകാവൂ. മാസ്‌ക്, ഗ്ലൗസ്, സ്മാര്‍ട്ട്‌ഫോണിലെ ഇഹ്തിറാസ് ആപ്ലിക്കേഷനില്‍ പച്ചബാര്‍കോഡ് തുടങ്ങിയവ പള്ളിയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാണ്. ടോയ്‌ലറ്റ് സൗകര്യവും അനുവദിക്കില്ല.