ഖത്തര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്; പരിഹാരനീക്കം അനിശ്ചിതത്വത്തില്‍; ആശങ്കയോടെ പ്രവാസികള്‍

മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. യാത്രാവിമാനത്തെ ഖത്തര്‍ സെനിക വിമാനങ്ങള്‍ പിന്തുടര്‍ന്നതായ യുഎഇ ആരോപണം ഇരുരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാര നടപടികളും ഇതോടെ അനിശ്ചിതത്വത്തിലായി. ഖത്തറിന്റെ നടപടിക്കെതിരെ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സമിതിക്ക് പരാതി നല്‍കാനുള്ള നീക്കത്തിലാണ് യുഎഇ അധികൃതര്‍.

ഖത്തറിനെതിരേ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സമിതിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഭിന്നത വര്‍ധിച്ചതോടെ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ഇരുകൂട്ടരും തയാറെടുക്കുകയാണ്. ഉപരോധത്തിന്റ അടിസ്ഥാനത്തില്‍ അതിര്‍ത്തി ലംഘനത്തിന് വന്‍ പ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്. സൗദിയും യു.എ.ഇയും ചേര്‍ന്ന് ഖത്തറിനെ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധം ഭരണകൂടത്തിന് മാത്രമല്ല, ജനങ്ങളെയും ഒരേപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഖത്തര്‍ രാജകുടുംബാഗത്തെ യു.എ.ഇയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് യുഎഇയുടെ യാത്രാ വിമാനം ഖത്തര്‍ സൈന്യത്തിന്റെ വിമാനം തടഞ്ഞത്. ജിസിസി അംഗ രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പല തലങ്ങളില്‍ ചര്‍ച്ച നടന്നുവെങ്കിലും കാര്യമായ വിജയം നേടാനായില്ല. എങ്കിലും കുവൈത്തും ഒമാനും പ്രതീക്ഷ പൂര്‍ണമായും കൈവിട്ടിരുന്നില്ല.

വ്യോമയാന തര്‍ക്കം എന്നതിലുപരി തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വെല്ലുവിളി എന്ന നിലക്കാണ് പുതിയ സംഭവത്തെ ബന്ധപ്പെട്ടവര്‍ നോക്കി കാണുന്നത്. പുതിയ സംഭവവികാസത്തോടെ ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. സൗദിയും ബഹ്റൈനും ഖത്തര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് യുഎഇ ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ഡിസംബറില്‍ കുവൈത്തില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി പരാജയപ്പെട്ടതോടെ ഗള്‍ഫ് കൂട്ടായ്മയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമാണ്.