സൗദിയില്‍ പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ലോക്ഡൗണിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി പൊലീസ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും പൊലീസിന്റെ കടുത്ത നിയന്ത്രണത്തിലാണ്. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും പതിനായിരം റിയാല്‍ പിഴയും ജയില്‍ വാസവും നാടു കടത്തലുമാണ് ശിക്ഷ. ഈ മാസം 27 ബുധനാഴ്ച വരെയാണ് 24 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ഫ്യൂ തീരുമാനം നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പു വരുത്താന്‍ രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളിലും മേഖലകളിലും ഗ്രാമങ്ങളിലുമടക്കം കര്‍ശന നിരീക്ഷണം നടത്തുമെന്നും നിയമലംഘകര്‍ക്ക് നിയമാനുസൃത ശിക്ഷാനടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ നേരത്തെ ഇളവ് നല്‍കിയ സ്ഥാപനങ്ങള്‍ക്കും അടിയന്തര സേവനങ്ങളിലേര്‍പ്പെട്ടവര്‍ക്കും കര്‍ഫ്യുൂവേളയില്‍ പ്രവര്‍ത്താനുമതി നല്‍കിയിട്ടുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയും പാര്‍സല്‍ സര്‍വീസുകളും തുടരാം. റെസ്റ്റോറന്റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. പച്ചക്കറി, ഇറച്ചി, അവശ്യ സര്‍വീസുകള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കാം.
അടിയന്തിര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പാസ് സ്വന്തമാക്കാം. അടിയന്തരമായി ആശുപത്രിയില്‍ പോകാന്‍ 997 എന്ന നമ്പറില്‍ വിളിച്ച് ഗുരുതര പ്രയാസമാണെങ്കില്‍ അക്കാര്യം ബോദ്ധ്യപ്പെടുത്തണം. ചെറിയ പ്രയാസങ്ങള്‍ക്ക് ആംബുലന്‍സ് സേവനം ലഭ്യമാകില്ല.