സൗദിയില്‍ രണ്ടര മാസത്തെ ഇടവേളക്കുശേഷം ആദ്യ ജുമുഅ നമസ്‌കാരം നടന്നു. കര്‍ശന ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് രാജ്യത്തെ പള്ളികളില്‍ ജുമുഅ നമസ്‌കാരം നടന്നത്. വീടുകളില്‍ നിന്ന് അംഗശുചീകരണം നടത്തിയും മാസ്‌ക് ധരിച്ചും നമസ്‌കാര വിരിപ്പ് കൂടെ കരുതിയുമാണ് സ്വദേശികളും വിദേശികളുമായവര്‍ ജുമുഅക്കായി എത്തിയത്.
നമസ്‌കരിക്കാനെത്തുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പള്ളി കവാടങ്ങളിലും അകത്തും പ്രദര്‍ശിപ്പിച്ചിരുന്നു. നമസ്‌കാരത്തിന് അണി ചേര്‍ന്നവര്‍ക്കിടയില്‍ പാലിക്കേണ്ട അകലം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. കവാടങ്ങളില്‍ കൈകള്‍ അണുമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും അതിന്റെ ജോലിക്കായി ആളുകളെ പ്രത്യേകം നിയോഗിക്കുകയും ചെയ്തിരുന്നു.
ആദ്യ ബാങ്കിന്റെ 20 മിനിറ്റ് മുമ്പാണ് പള്ളികള്‍ തുറന്നത്. 15 മിനിറ്റുകള്‍ക്കുള്ളില്‍ ജുമുഅ പ്രസംഗവും നമസ്‌കാരവും നടന്നു. കുട്ടികള്‍ക്ക് പള്ളിക്കകത്തേക്ക് പ്രവേശനം നല്‍കിയിരുന്നില്ല.