സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞു പാസ്‌പോര്‍ട്ട് പുതുക്കാനാകാതെ പ്രയാസപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അഞ്ച് വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ടാണ് അനുവദിക്കുക.
താത്ക്കാലിക പാസ്പോര്‍ട്ടിനായി സ്പോണ്‍സറില്‍ നിന്നോ കമ്പനിയില്‍ നിന്നോ ഇഖാമ പിന്നീട് പുതുക്കാം എന്ന ഉറപ്പ് ഹാജരാക്കണം. ഇഖാമ പുതുക്കിയ ശേഷം 10 വര്‍ഷ കാലാവധിയുള്ള സാധാരണ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാം.
അതേസമയം, കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിയിലേക്ക് പ്രവേശനവിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസ എന്നിവ സൗജന്യമായി പുതുക്കുന്നതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവുപ്രകാരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) ആണ് മാര്‍ച്ച് 31 വരെ കാലാവധി നീട്ടിനല്‍കുമെന്ന് അറിയിച്ചിരുന്നത്. ഈ ആനുകൂല്യം ഇന്ത്യയില്‍നിന്നുള്ളവര്‍ക്കും ലഭിക്കും എന്നായിരുന്നു നേരത്തേ ഇതുസംബന്ധിച്ച ചോദ്യത്തിന് ജവാസത്തില്‍നിന്ന് ലഭിച്ച മറുപടി.