സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്ന തോത് വര്‍ധിച്ചു. 2.79 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സ്വന്തം നാട്ടിലേക്കുള്ള പ്രവാസികളുടെ വ്യക്തിഗത പണമയക്കല്‍ 2021ല്‍ 153.87 ബില്യണ്‍ റിയാലിലെത്തി. 2015ന് ശേഷമുള്ള ഉയര്‍ന്ന മൂല്യമാണിത്. 2020ല്‍ ഇത് 149.69 ബില്യണ്‍ റിയാല്‍ ആയിരുന്നു.
പണമയക്കലിന്റെ മൂല്യത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എങ്കിലും 2020ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2021ല്‍ ഇടിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. 2020ലെ നാലാം പാദത്തിലെ 39.45 ബില്യണ്‍ റിയാലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 ലെ നാലാം പാദത്തില്‍ 4.82 ശതമാനത്തിന്റെ(37.5 ബില്യണ്‍ റിയാല്‍) ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2020 ഡിസംബറില്‍ 13.4 ബില്യണ്‍ ആയിരുന്ന മൂല്യം 2021 ഡിസംബറില്‍ 11.1 ബില്യണ്‍ റിയാലായും കുറഞ്ഞു.
സൗദികളുടെ വിദേശത്തേക്കുള്ള പണമയയ്ക്കലും വര്‍ധിച്ചിട്ടുണ്ട്. ഇത് 65.47 ബില്യണ്‍ റിയാലിലേക്ക് എത്തി. 34.8 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് നാട്ടിലുള്ള കുടുംബത്തെ സഹായിക്കുക എന്ന പ്രവാസികളുടെ ദൃഢനിശ്ചയമാണ് നാട്ടിലേക്കുള്ള പണമയക്കലില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം എന്ന് ലോകബാങ്ക് പറഞ്ഞു. എണ്ണവില ഉയര്‍ന്നതും,സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതിയും പണമിടപാട് വര്‍ധിച്ചതിന് ഒരു കാരണമാണ്.
2021ല്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള പണമയയ്ക്കല്‍ 589 ബില്യണ്‍ ഡോളറില്‍ എത്തുമെന്ന് ലോക ബാങ്ക് പുറത്തിറക്കിയ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബ്രീഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.