ജ്വല്ലറികളിലെ സ്വദേശിവത്കരണം; സൗദി ജ്വല്ലറി വ്യവസായം പ്രതിസന്ധിയില്‍; നിരവധി കടകള്‍ പൂട്ടിച്ചു, തൊഴില്‍ നഷ്ടപ്പെട്ട് മലയാളികളും

സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ജ്വല്ലറി വ്യവസായത്തെ താറുമാറാക്കുന്നു. സമ്പൂര്‍ണ സ്വദേശിവത്കരണം പാലിക്കാത്ത അന്‍പതിലേറെ ജ്വല്ലറികള്‍ പൂട്ടി. പരിശോധന ഭയന്ന് നൂറിലേറെ ജ്വല്ലറികള്‍തുറക്കുന്നില്ല. ഈ മാസം മൂന്നുമുതലാണ് ജ്വല്ലറികളിലെ സ്വദേശിവത്കരണം നിലവില്‍ വന്നത്. മലയാളികളെയും കാര്യമായ രാതിയില്‍ ഇത് ബാധിച്ചിട്ടുണ്ട്.

നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സൗദിയിലാകെ 85 സംഘങ്ങളാണ് പരിശോധന നടത്തുന്നത്. ഓരോ സംഘത്തിലും ഏഴ് ഉദ്യോഗസ്ഥര്‍ വീതമുണ്ട്. സമ്പൂര്‍ണ സ്വദേശിവത്കരണത്തിലൂടെ ഇരുപതിനായിരം സ്വദേശികള്‍ക്ക് ജോലിയുറപ്പിക്കുകയാണ് ലക്ഷ്യം. ഒരു വിദേശിയെ ജോലിക്ക് നിര്‍ത്തിയാല്‍ ഇരുപതിനായിരം റിയാലാണ് പിഴ. വിദേശികള്‍ കൂടിയാല്‍ പിഴയും കൂടും.

അല്ജൌഫ് പ്രവിശ്യയില്‍ 12 ജ്വല്ലറികള്‍ക്കെതിരെ നടപടിയുണ്ടായി. ജീസാനില്‍ വിദേശികള്‍ ജോലി ചെയ്ത 21 ജ്വല്ലറികള്‍ പൂട്ടി. അസീറിലും മദീനയിലുമായി നാലു ജ്വല്ലറികള്‍ അടപ്പിച്ചു. താഇഫില്‍ 13 സ്ഥാപനങ്ങള്‍ക്ക് നേരെ നടപടിയുണ്ടായി. രാജ്യത്തൊട്ടാകെ നൂറോളം ജ്വല്ലറികള്‍ പരിശോധന തുടങ്ങിയതോടെ അടച്ചിട്ടിരുക്കുകയാണ്. അറ്റകുറ്റപ്പണിക്കായി അടച്ചുവെന്നാണ് വിശദീകരണം. സ്വകാര്യ മേഖലയിലെ ഊര്‍ജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്തിന്റെ ഭാഗമായ ഈ നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.