സൗദിയിലെ ജ്വലറി വ്യവസായം പ്രതിസന്ധിയില്‍; നിതാഖാത്തിന് പിന്നാലെ തൊഴിലാളി ക്ഷാമം; വിദേശികളെ ജോലിക്കെടുത്താല്‍ 20,000 റിയാല്‍ പിഴ

സൗദി അറേബ്യ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി സ്വര്‍ണക്കടകളിലെ സമ്പൂര്‍ണ സൗദിവത്കരണം ഡിസംബര്‍ മൂന്നുമുതല്‍ നിലവില്‍ വരും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്.

നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചമത്തുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴസംഖ്യയും ഇരട്ടിക്കും. കട ഉടമയാണ് പിഴ അടക്കേണ്ടത്. നിയമ ലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

സ്വകാര്യ മേഖലയിലെ ഊര്‍ജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന നിതാഖാത്തിന്റെ ഭാഗമായ ഈ നിയമത്തെക്കുറിച്ച് രണ്ട് മാസം മുമ്പ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി രണ്ടാഴ്ചയായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജ്വല്ലറികളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. ഞായറാഴ്ച മുതല്‍ മുഴുവന്‍ ജ്വല്ലറികളിലും പരിശോധന ശക്തമാക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

അതേസമയം, പരിചയ സമ്പന്നരായ സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്തതിനാല്‍ രാജ്യത്തെ 40 ശതമാനം ചെറുകിട ജ്വല്ലറികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കോമേഴ്സ് ജ്വല്ലറി സമിതി അഭിപ്രായപ്പെട്ടു. ഇത് ജ്വലറി വ്യവസായത്തിന് തന്നെ ഭീഷണിയാണെന്നാണ് വിലയിരുത്തല്‍.

ഓരോ പ്രവിശ്യയിലെയും സാഹചര്യങ്ങള്‍ പഠിച്ച് അനുയോജ്യമായ മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള ശ്രമത്തിലാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. ഈ നീക്കം പ്രവാസികളില്‍ വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.