റിയാദ് നഗരത്തെ വിറപ്പിച്ച് സിംഹം ! ഉടമയെ തേടി പോലീസ്

രണ്ടുദിവസമായി  ഒരു സിംഹത്തിന്റെ ഗര്‍ജ്ജനം കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് സ്വതന്ത്രനായ മൃഗത്തിന്റേതാണെന്ന് ആരും കരുതിയില്ല. പിന്നീടാണ് രാത്രിയില്‍ തെരുവിലൂടെ നടക്കുന്ന സിംഹം ആരുടെയോ ശ്രദ്ധയില്‍ പെട്ടത്. സ്‌പെഷ്യല്‍ ഫോഴ്‌സ്സ്സ് ഫോര്‍ എന്‍വയണ്‍മെന്റല്‍ സെക്യൂരിറ്റിയുടെ ഒരു സംഘം ഉടനെ സ്ഥലത്തെത്തുകയും ഒരു പരിക്കുമേല്‍പ്പിക്കാതെ സിംഹരാജനെ അകത്താക്കുകയും ചെയ്തു.

സിംഹത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപകടകാരിയായ വന്യമൃഗത്തെ പുറത്തുവിട്ടത്‌ പത്തുവര്‍ഷം തടവും 30 മില്യണ്‍ സൗദി റിയാല്‍ പിഴയും വരെ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്. കണക്കില്‍പെടാത്ത മൃഗങ്ങളെക്കുറിച്ച് ഉടനെ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Read more

കഴിഞ്ഞ ഏപ്രിലില്‍ രാജ്യതലസ്ഥാനമായ റിയാദില്‍ത്തന്നെ വളര്‍ത്തുസിംഹത്തിന്റെ ആക്രമണത്തില്‍ ഉടമയായ 22 കാരന്‍ മൃതിയടഞ്ഞിരുന്നു. അറബ് രാജ്യങ്ങളില്‍ സിംഹം, പുലി തുടങ്ങിയ വന്യമൃഗങ്ങളെ പ്രൗഢിയുടെ ഭാഗമായി വീട്ടില്‍ വളര്‍ത്തുന്നത് പരമ്പരാഗതമായ പതിവായിരുന്നു. അടുത്തകാലം വരെ അവര്‍ വാഹനങ്ങളില്‍ ബെല്‍റ്റ് ബന്ധിച്ച് പുലികളെ സീറ്റിലിരുത്തി പുറത്തുകൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു. 2017-ല്‍ യുഎഇ ഇത് നിയമവിരുദ്ധമാക്കി. വന്യമൃഗങ്ങളെയും റോട്ട് വെയ്‌ലര്‍ പോലുള്ള അപകടകാരികളായ ചില പ്രത്യേകഇനം നായ്ക്കളെയും വളര്‍ത്തുന്നതിന് സൗദി അറേബ്യയില്‍ നിരോധനമുണ്ട്.