സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് വാറ്റ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡും എണ്ണ വിലയിടിവും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് വാറ്റ് 10 ശതമാനം കൂട്ടിരിക്കുന്നത്.
വര്‍ദ്ധന നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവനകേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നേരത്തേതന്നെ നല്‍കിയിരുന്നു. നികുതി വര്‍ദ്ധന നിലവില്‍വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന് അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും 15 ശതമാനം വാറ്റ് ബാധകമാണ്. ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തതാണെങ്കില്‍ തന്നെയും 15 ശതമാനം നികുതി അടക്കേണ്ടിവരും.