സ്വദേശി വത്കരണം കൂടുതല്‍ മേഖലകളിലേക്ക്, പ്രവാസി മലയാളികൾ പ്രതിസന്ധിയില്‍

സൗദി അറേബ്യ കൂടുതല്‍ മേഖലകളിലേക്ക് സ്വദേശി വത്കരണം വ്യാപിപ്പിക്കുന്നു. പന്ത്രണ്ട് മേഖലകളിലേക്ക് കൂടി തീരുമാനം നടപ്പിലാക്കുമെന്ന് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി ഡോ അലി നാസര്‍ അല്‍ഖഫീസ് പ്രഖ്യാപിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ തൊഴില്‍ പ്രതിസന്ധി നേരിടും.

പുതിയ ഹിജ്‌റ വര്‍ഷാരംഭമായ സെപ്തംബര്‍ 11 മുതല്‍ അഞ്ചുമാസത്തിനുള്ളില്‍ ഘട്ടങ്ങളായി തീരുമാനം നടപ്പിലാക്കും. ആദ്യഘട്ടത്തില്‍ വാഹനം വില്‍ക്കുന്ന കടകള്‍, വസ്ത്രവ്യാപാരക്കടകള്‍, ഫര്‍ണ്ണീച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാംഘട്ടത്തില്‍ കണ്ണട – വാച്ച് കടകള്‍, ഇലക്ട്രോണിക് കടകള്‍ എന്നിവ. പിന്നീട് പരവതാനി, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകൾ എന്നിവ സ്വദേശിവത്കരിക്കും.

സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ജ്വല്ലറികള്‍, മൊബൈല്‍ ഷോറൂം എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പദ്ധതി നടപ്പിലാക്കിയിരുന്നു. സ്വദേശികള്‍ക്ക് ജോലി ഉറപ്പ് വരുത്താനാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത്.