സൗദിയില്‍ മൂല്യവര്‍ധിത നികുതി നിലവില്‍ വന്നതിനു പിന്നാലെ അതിനെ ചുറ്റി പറ്റിയുള്ള തട്ടിപ്പുകളും വര്‍ധിക്കുന്നു. ഇതിനോടകം പതിനായിരത്തിലേറെ പരാതികളാണ് വാറ്റ് സംബന്ധിച്ച് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്‍ പ്രകാരം വാറ്റ് നടപ്പാക്കലില്‍ കൃത്രിമത്വം കാണിച്ച 250 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ഈ വര്‍ഷം ജനുവരി ഒന്നിനാണ് വാറ്റ് പ്രാബല്യത്തില്‍ വന്നത്. ഇതിനു ശേഷം നിരവധി പരാതികളാണ് വാറ്റ് സംബന്ധമായി ലഭിച്ചത്. നിശ്ചയിച്ചിരിക്കുന്ന നികുതിയായ അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ഈടാക്കല്‍, ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഈടാക്കല്‍ എന്നിവയാണ് പ്രധാന കൃത്രിമത്വങ്ങള്‍. ഇവയ്ക്കു പുറമേ നികുതി ബാധകമായിട്ടും സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമവിരുദ്ധമായി വാറ്റ് രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയവയും നടക്കുന്നുണ്ട്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുടെ പരിശോധനയില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ 250 സ്ഥാപനങ്ങളാണ് കുടുങ്ങിയത്.
ജനുവരി ഒന്നുമുതല്‍ പതിനാലായിരത്തിലേറെ പരാതികളാണ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിക്ക് ലഭിച്ചത്. പരാതികളില്‍ 90 ശതമാനത്തിനും നടപടി സ്വീകരിച്ചു. അതോറ്റിക്ക് കീഴില്‍ 29 പരിശോധക സംഘങ്ങളുണ്ട്. തട്ടിപ്പ് നിരവധി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഉത്പന്നങ്ങള്‍ വാങ്ങുന്ന കടകള്‍ ടാക്‌സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്‌തോ എന്നറിയാന്‍ അതോറിറ്റി മൊബൈല്‍ അപ്ലിക്കേഷനും മറ്റും ഇറക്കിയിട്ടുണ്ട്.