സൗദി അറേബ്യയിലെ പള്ളികളില്‍ ഇന്ന് ജുമുഅ നമസ്‌കാരവും ഖുതുബയും പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടു മാസത്തോളം അടച്ചിട്ട മസ്ജിദുന്നബവിയടക്കം രാജ്യത്തെ 90000-ത്തിലധികം പള്ളികള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. അതിനു ശേഷമുള്ള ആദ്യ ജുമുഅ നമസ്‌കാരമാണ് ഇന്ന് നടക്കാന്‍ പോകുന്നത്.
ആദ്യ ജുമുഅ പ്രസംഗം ആരോഗ്യ മുന്‍കരുതലുകളെ കുറിച്ചായിരിക്കണമെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് നിര്‍ദേശം നല്‍കി. ജുമുഅയുടെ 20 മിനിട്ട് മുമ്പ് പള്ളി തുറക്കുകയും, നമസ്‌കാരത്തിന് 20 മിനിട്ടിന് ശേഷം അടയ്ക്കുകയും ചെയ്യും. നമസ്‌കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്ററും വരികള്‍ക്കിടയില്‍ ഒരു വരിയുടെ അകലവും പാലിക്കണം. വിശ്വാസികള്‍ വീടുകളില്‍ നിന്ന് അംഗശുദ്ധി വരുത്തിയാണ് പള്ളികളിലെത്തേണ്ടത്.
തിരക്ക് കുറക്കാന്‍ നിലവില്‍ ജുമുഅ നടക്കുന്ന പള്ളികള്‍ക്കുപുറമെ 3869 പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിന് നിശ്ചയിച്ചതായാണ് വിവരം. റിയാദില്‍ 656-ഉം മക്കയില്‍ 455-ഉം മദീനയില്‍ 165-ഉം കിഴക്കന്‍ മേഖലയില്‍ 484-ഉം ഖസീമില്‍ 205- ഉം അല്‍ജൗഫില്‍ 92-ഉം അസീറില്‍ 400-ഉം അല്‍ബാഹയില്‍ 84-ഉം ഹാഇലില്‍ 257-ഉം തബൂക്കില്‍ 74-ഉം ജീസാനില്‍ 816-ഉം നജ്‌റാനില്‍ 60-ഉം വടക്കന്‍ അതിര്‍ത്തി മേഖലയില്‍ 121-ഉം പള്ളികള്‍ പുതുതായി ജുമുഅ നമസ്‌കാരത്തിനായി നിശ്ചയിച്ചിട്ടുണ്ട്.