സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും

ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി സൗദിയിലെ പള്ളികള്‍ ജുമുഅക്കായി നേരത്തെ തുറക്കും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിനായി ബാങ്ക് വിളിയുടെ 40 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറന്നിടണമെന്ന് സൗദി ഇസ്ളാമിക കാര്യ വിഭാഗം അറിയിച്ചു. ജിദ്ദ, മക്ക നഗരങ്ങള്‍ അല്ലാത്തിടങ്ങളിലാണ് ജുമുഅ നിസ്‌കാരത്തിനുള്ള അനുമതിയുള്ളത്.

നേരത്തെ 20 മിനുട്ട് മുമ്പ് തുറക്കാനായിരുന്നു നിര്‍ദ്ദേശം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് 20 മിനുട്ടിന് ശേഷം പളളികള്‍ അടക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് തിരക്കിന് വഴി വെച്ചതായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ തുറക്കാനുള്ള പുതിയ നിര്‍ദേശം.

Read more

കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട എല്ലാ പെരുമാറ്റ ചട്ടങ്ങളും പാലിക്കണമെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 90,000 പള്ളികളാണ് സൌദി അറേബ്യയിലുള്ളത്. കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിര്‍ദേശങ്ങളും പാലിക്കാത്ത നൂറോളം പള്ളികള്‍ ഇതിനകം സൗദിയില്‍ അടപ്പിച്ചിട്ടുണ്ട്.