സൗദിയില്‍ വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ രാജ്യത്ത് അഞ്ച് ശതമാനമാണ് മൂല്യ വര്‍ദ്ധിത നികുതി ഈടാക്കുന്നത്. ജൂലൈ ഒന്നുമുതല്‍ ഇത് 15 ശതമാനമാകും. ജൂലൈ മുതല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും വാറ്റ് നല്‍കണം.
രാജ്യത്തിന് പുറത്ത് നിന്നും ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കും ജൂലൈ ഒന്നു മുതല്‍ 15 ശതമാനം വാറ്റ് ഈടാക്കുമെന്ന് സൗദി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ജൂലൈ ഒന്നിനോ ശേഷമോ പോര്‍ട്ടുകളില്‍ എത്തുന്ന എല്ലാ പാര്‍സലുകള്‍ക്കും നേരത്തെ ബുക്ക് ചെയ്തതാണെങ്കില്‍ തന്നെയും 15 ശതമാനം നികുതി അടക്കേണ്ടിവരും.
കോവിഡ് മൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനാണ് വാറ്റ് വര്‍ദ്ധിപ്പിച്ചത്. കോവിഡും എണ്ണ വിലയിടിവും മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ മുന്‍പ് അറിയിച്ചിരുന്നു. ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും നിര്‍ത്തിവെച്ചും ജോലിക്കാരുടെ അലവന്‍സ് വെട്ടിക്കുറച്ചും ചെലവു ചുരുക്കലിലാണ് രാജ്യം.