സൗദി രാജകുമാരന്റെ സ്വേച്ഛാധിപത്യത്തിനെതിരെ അര്‍ദ്ധ സഹോദരന്‍ നിരാഹാര സമരത്തില്‍

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ രാജകുടുംബത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ സൗദി കിരീടാവകാശിയുടെ നടപടിയില്‍ സല്‍മാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരന്‍ നിരാഹാര സമരത്തില്‍. മിഡില്‍ ഈസ്റ്റ് ഐയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അഴിമതിവിരുദ്ധ നടപടിയെ തുടര്‍ന്ന് അറസ്റ്റിലായ അല്‍വലീദ് ബിന്‍ തലാലിന്റെ പിതാവാണ് സമരം നടത്തുന്ന തലാല്‍ ബിന്‍ അബ്ദുലസീസ്.

അഴിമതിക്കെതിരായ നീക്കമെന്ന പേരില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടവരില്‍ ഇദ്ദേഹത്തിന്റെ മൂന്നു മക്കളുമുണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസത്തിലേറെയായി സല്‍മാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരന്‍ സമരത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഒരു മാസത്തിലേറെയായി സമരം നടത്തുന്ന തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് ക്ഷീണിതനാണ്. ആരോഗ്യനില തകരാറിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയും അദ്ദേഹം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നാണ് സൂചന.

അതേസമയം കൊട്ടാരത്തിനുള്ളില്‍ മാത്രമാണ് തലാല്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ നിരാഹാരത്തെക്കുറിച്ച് അറിയാവുന്നത്. ഇന്നലെ വൈകിട്ട് മിഡില്‍ ഈസ്റ്റ് ഐ ഈ വാര്‍ത്ത പുറത്തുവിടുന്നത് വരെ പുറംലോകത്തിന് ഇക്കാര്യം അറിയില്ലായിരുന്നു. രാജകുടുംബത്തിനെതിരെയോ കിരീടാവകാശിയുടെ നടപടികളെക്കുറിച്ചോ ഒരക്ഷരം പോലും പൊതുഇടത്തില്‍ തലാല്‍ ബിന്‍ അബ്ദുള്‍ അസീസ് പറഞ്ഞിട്ടില്ല.

അഴിമതിവിരുദ്ധ നിലപാടിന്റെ മറപിടിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന സ്വച്ഛാധിപത്യ നിലപാടിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ടെന്ന് ഒരുമാസം മുമ്പ് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

സൗദി രാജകുടുംബത്തിലെ കര്‍ക്കശക്കാരന്‍ അല്ലാത്ത ആളായാണ് തലാല്‍ അറിയപ്പെടുന്നത്. പൂര്‍ണമായ രാജവാഴ്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ആവശ്യപ്പെട്ട് 1960കളില്‍ സൗദിയില്‍ നടന്ന ഫ്രീ പ്രിന്‍സസ് മൂവ്മെന്റിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. റെഡ് പ്രിന്‍സ് എന്നാണ് അദ്ദേഹം ഇതിനുശേഷം അറിയപ്പെട്ടത്. ഫ്രീ പ്രിന്‍സസ് മൂവ്മെന്റിനെ തള്ളിയ സൗദി രാജകുടുബം തലാലിനെ കെയ്റോയിലേക്ക് നാടുകടത്തുകയും ചെയ്തിരുന്നു. സൗദി സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അനുമതി നല്‍കാന്‍ വേണ്ടി വളരെ മുമ്പുതന്നെ തലാല്‍ ക്യാംപെയിന്‍ നടത്തിയിരുന്നു.