ബിനാമി ബിസിനസുകളുടെ സമയപരിധി; പരിശോധന കര്‍ശനമാക്കി സൗദി

സൗദി അറേബ്യയില്‍ ബിനാമി ബിസിനസുകള്‍ക്കായി പദവി ശരിയാക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്ന് സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം അടച്ചുപൂട്ടിയതായി സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം അറിയിച്ചു.

റിയാദ്, അല്‍ ഖസീം, ബല്‍ ജുറാഷി, മദീന, ജിദ്ദ, ഷറൂറ, അല്‍ ഖര്‍ജ്, താരിഫ്, തബൂക്ക്, തബര്‍ജാല്‍, ഖത്തീഫ്, ഉനൈസ എന്നീ സ്ഥലങ്ങളിലെ സ്ഥാപനങ്ങളാണ് പൂട്ടിയിരിക്കുന്നത്. നിയമലംഘനത്തെ തുടര്‍ന്ന് പൂട്ടിയ സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയം വിശദ പരിശോധന നടത്തുകയാണ്.ബിനാമി ബിസിനസുകള്‍ക്ക് പദവി ശരിയാക്കുന്നതിനുള്ള സമയം ഫെബ്രുവരി ആറിനാണ് അവസാനിച്ചത്.

Read more

തുണിക്കടകള്‍, അത്തര്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, മോട്ടോര്‍ വാഹന വര്‍ക് ഷോപ്പുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍, തയ്യല്‍ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍, ആശാരിപ്പണി നടത്തുന്ന കേന്ദ്രങ്ങള്‍ എന്നീ മേഖലകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനൊപ്പം ഗുണ നിലവാരം കുറഞ്ഞ വസ്തുക്കള്‍ വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.