വന്ദേ ഭാരത് മിഷന്‍ മൂന്നാംഘട്ടത്തില്‍ ബഹറിനില്‍ നിന്ന് കേരളത്തിലേക്ക് ദിവസവും സര്‍വീസുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. മേയ് 26 മുതല്‍ ജൂണ്‍ ഒന്നു വരെയാണ് മൂന്നാംഘട്ട സര്‍വീസ്. ആദ്യ രണ്ടുഘട്ടങ്ങളില്‍ ബഹ്റിനില്‍ നിന്ന് കേരളത്തിലേക്ക് ആകെ നാലു സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വീസ് എന്നാണ് അറിയുന്നത്. കൂടുതല്‍ ആളുകള്‍ക്ക് നാട്ടിലെത്താന്‍ അവസരം നല്‍കുന്നതാണ് ഈ നീക്കം. ആദ്യഘട്ടത്തില്‍ ഒമ്പത് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 366 പേരാണ് ബഹ്‌റിനില്‍ നിന്ന് നാട്ടിലേക്ക് പോയത്. രണ്ടാംഘട്ടത്തില്‍ 175 പേര്‍ ചൊവ്വാഴ്ച ഹൈദരാബാദിലേക്ക് പോയി.
കൊച്ചി, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ഇതുവരെ സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്തേക്ക് ഇന്ന് സര്‍വീസുണ്ട്. അഞ്ചു കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 182 പേരാണ് ഇതില്‍ യാത്ര തിരിക്കുന്നത്.