മൊബൈൽ പോലീസ് സ്റ്റേഷനുമായി ഷാർജ

എമിറേറ്റിലെ പോലീസ് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൊബൈൽ പോലീസ് സ്റ്റേഷൻ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു. ഗതാഗതവുമായി ബന്ധപ്പെട്ട പരാതികളും മറ്റു കുറ്റകൃത്യങ്ങളും മൊബൈൽ പോലീസ് സ്റ്റേഷനിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് മൊബൈൽ പോലീസ് സ്റ്റേഷൻ ആരംഭിച്ചതെന്ന് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസി പറഞ്ഞു.

ഇതുവഴി ആളുകൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്താതെ തന്നെ പരാതികൾ അറിയിക്കാമെന്നും പുതിയ സംവിധാനം ഭാവിയിൽ എമിറേറ്റിന്റെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാ സ്മാർട്ട് സംവിധാനങ്ങളും വാഹനത്തിൽ സജ്ജീകരിച്ചതായി പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിങ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഖാലിദ് മുഹമ്മദ് അൽ ഖൈ പറഞ്ഞു.

നേത്രപരിശോധന, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ തുടങ്ങിയ സേവനങ്ങളും വാഹനത്തിൽ ലഭ്യമാണ്. കൂടാതെ പ്രായമുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി വാഹനം അവരുടെ വീട്ടുപടിക്കൽ എത്തുമെന്നും അൽ ഖൈ വ്യക്തമാക്കി.