വാണിജ്യാവശ്യങ്ങൾക്ക് ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് നിരോധിച്ച് ഖത്തർ. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്. വാണിജ്യ ശാലകളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗം, വിൽപന, പ്രചാരണം എന്നിവ പാടില്ലെന്നാണ് നിർദ്ദേശം.
വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരുമെല്ലാം ഉത്തരവ് പാലിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. നിയമ ലംഘർകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് ഖത്തർ രാജ്യത്തിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.
വെള്ള നിറത്തിലുള്ള പശ്ചാത്തലത്തിൽ മെറൂൺ നിറത്തിലുള്ള ലോഗോയിൽ സ്ഥാപക ഭരണാധികാരിയുടെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത പായ്ക്കപ്പൽ എന്നിവയാണുള്ളത്. 46 വർഷങ്ങൾക്ക് ശേഷമാണ് 2022 സെപ്റ്റംബർ 15ന് ഖത്തറിന്റെ പുതിയ ദേശീയ ചിഹ്നം പുറത്തിറക്കിയത്.
ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ താനിയാണ് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ഖത്തർ നാഷണൽ മ്യൂസിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഖത്തറിൽ ചരിത്രപരമായി പ്രാധാന്യമുള്ള അടയാളങ്ങളായ ‘സ്ഥാപകന്റെ ഉടവാൾ’, ഈന്തപ്പന, സമുദ്രം, മരം കൊണ്ട് നിർമ്മിച്ച ജാൽബൂത് എന്ന പരമ്പരാഗത യാനം എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ദേശീയ ചിഹ്നം രൂപകൽപ്പന ചെയ്തത്.