ബലി പെരുന്നാളിനോടനുബന്ധിച്ച അവധി കുവെെറ്റിൽ നാളെ ആരംഭിക്കും. ജൂലൈ 10 മുതൽ 14 വരെയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ തുടർച്ചയായ ഒൻപത് ദിനമാണ് രാജ്യത്ത് അവധി ലഭിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് അടക്കുന്ന മന്ത്രാലയങ്ങളും സർക്കാർ ഓഫീസുകളും ജൂലൈ 17നാണ് ഇനി തുറന്ന് പ്രവർത്തിക്കുക.
ദീർഘ അവധി കണക്കിലെടുത്തു എ.ടി.എമ്മുകളിൽ ബാങ്ക് നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ലോക്കൽ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ബാങ്കുകളുടെ പ്രധാനബ്രാഞ്ചുകൾ ജൂലൈ 13നും 14നും സേവനങ്ങൾ നൽകും. 360, അവന്യൂസ്, അൽ കൂത്ത് തുടങ്ങിയ പ്രധാന മാളുകളിൽ സെൻട്രൽ ബാങ്ക് പ്രത്യേക എടിഎം കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലും പെരുന്നാൾ അവധിയുടെ തിരക്ക് പ്രകടമായി തുടങ്ങിയിട്ടുണ്ട്. ജൂലൈ 7 മുതൽ പതിനേഴ് വരെയുള്ള അവധി ദിനങ്ങളിൽ അഞ്ചര ലക്ഷത്തോളം യാത്രക്കാർ ഇക്കാലയളവിൽ കുവൈറ്റിലേക്കും തിരിച്ചുമായി യാത്ര ചെയ്യുമെന്നാണ് ഡിജിസിഎയുടെ കണക്ക്.
3484 വിമാന സർവീസുകളാണ് കുവൈറ്റ് വിമാനത്താവളത്തിൽ നിന്നും ഈ ദിനങ്ങളിൽ ഓപറേറ്റ് ചെയ്യപ്പെടുന്നത്. നീണ്ട അവധിക്കു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്ന് ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.