പെരുന്നാൾ അവധിക്കാലം ആഘോഷമാക്കാൻ ജിസിസി രാജ്യങ്ങളിലെ സഞ്ചാരികൾ കൂടുതൽ പേരും എത്തിയത് ഖത്തറിലേക്കാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി നിരവധി വിനോദപരിപാടികൾ ഖത്തറും ഒരുക്കിയിരുന്നു. കലാകായികവിനോദങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധിപ്പേരാണ് പങ്കെടുത്തത്.
കുടുംബസമേതം ചുരുങ്ങിയ ചെലവിൽ അവധിക്കാലം ആഘോഷിക്കാനുള്ള ഇടമായി ഖത്തർ മാറിക്കഴിഞ്ഞു. ടൂറിസ്റ്റുകളെ വൻ തോതിൽ ആകർഷിക്കുന്ന ആഡംബര ഹോട്ടലുകളും അപാർട്മെന്റുകളും രാജ്യത്ത് ഏറെയാണ്. മാത്രവുമല്ല ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടുതൽ നിയമക്കുരുക്കുകളും, പരിശോധനകളും കുറവാണ് എന്നതും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
ഖത്തറിലെ ബീച്ചുകളെല്ലാം തന്നെ സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോളിന് നൽകിയ ആതിഥേയത്വം ഖത്തറിന് ലോകത്തിനു മുന്നിൽ തന്നെ മികച്ച ആതിഥേയരെന്ന ബഹുമതി നൽകിക്കൊടുത്തിട്ടുണ്ട്. കൂടാതെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി അറബ് രാജ്യങ്ങളിൽ ഖത്തർ നടത്തുന്ന പ്രചാരണപരിപാടികളും സന്ദർശകരിലേക്ക് എത്തിയതായാണ് പെരുന്നാൾ തിരക്കുകൾ സൂചിപ്പിക്കുന്നത്.