ഹജ്ജ് പൂർത്തിയാക്കി മടങ്ങിയെത്തുന്ന തീർത്ഥാടകർക്ക് ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പ്രഖ്യാപിച്ച് യുഎഇ. ഹജ്ജ് പൂർത്തിയാക്കി രാജ്യത്ത് എത്തുന്നവർ കോവിഡിനെതിരായ സുരക്ഷാ നിബന്ധനകൾ പാലിച്ചിരിക്കണം. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റെെൻ ഇരിക്കണം. തിരികെയെത്തുന്ന തീർത്ഥാടകരിൽ രോഗബാധ സംശയിക്കുന്നുണ്ടെങ്കിൽ പി.സി.ആർ പരിശോധ നടത്തണം.
അല്ലത്തയാളുകൾ പരിശോധന നടത്തണമെന്ന് നിർബന്ധമില്ല. രോഗ ലക്ഷണങ്ങളുള്ള എല്ലാവർക്കും അവ പ്രകടമായ ശേഷം നാലാമത്തെ ദിവസം കൊവിഡ് പി.സി.ആർ പരിശോധന നിർബന്ധമാണ്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ രാജ്യത്തെ ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിലെത്തണം. ഇതിന് പുറമെ ഓരോ എമിറേറ്റുകൾക്കും സ്വന്തം നിലയിൽ പ്രത്യക നിർദേശങ്ങൾ നൽകാമെന്നും യുഎഇ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ പുറത്തിറക്കിയത്. അൽ ഹുസ്‍ൻ ആപ്ലിക്കേഷനിലെ ഗ്രീൻ പാസ് സംവിധാനം ഉപയോഗിക്കണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
നേരത്തെ യുഎഇയിൽ നിന്നുള്ള ഹജ്ജ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും അൽ ഹുസ്‍ൻ ആപ്ലിക്കേഷൻ വഴി സംവിധാനമൊരുക്കിയിരുന്നു. വാക്സിനേഷൻ ഉൾപ്പെടെയുള്ള രേഖകൾ ആപ്ലിക്കേഷനിലൂടെ നൽകിയായിരുന്നു ഹജ്ജ് പെർമിറ്റ് എടുക്കേണ്ടിയിരുന്നത്.