അബുദാബി ഡ്രോൺ ആക്രമണം; തീപിടുത്തത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തലസ്ഥാനമായ അബുദാബിയിൽ ഡ്രോൺ ആക്രമണം മൂലമുണ്ടായ തീപിടുത്തത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അബുദാബിയിലെ പ്രധാന എണ്ണ സംഭരണ കേന്ദ്രത്തിന് സമീപമുള്ള പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്.

“സ്‌ഫോടനങ്ങളിൽ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാൻ പൗരനും കൊല്ലപ്പെട്ടു, മറ്റ് ആറ് പേർക്ക് നേരിയ പരിക്ക് പറ്റി,” ന്യൂസ് ഏജൻസി WAM റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഇറാൻ അനുകൂല ഹൂതി പ്രസ്ഥാനം ഏറ്റെടുത്തിരുന്നു.

എണ്ണക്കമ്പനിയായ ADNOC യുടെ സംഭരണശാലകൾക്ക് സമീപമുള്ള വ്യാവസായിക മേഖലയായ മുസഫയിലെ മൂന്ന് ഇന്ധന ടാങ്കർ ട്രക്കുകളാണ് പൊട്ടിത്തെറിച്ചതെന്നും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർമ്മാണ സൈറ്റിൽ തീപിടുത്തമുണ്ടായതായും അബുദാബി പൊലീസ് അറിയിച്ചു.

“പ്രാരംഭ അന്വേഷണത്തിൽ സ്ഫോടനത്തിനും തീപിടുത്തത്തിനും കാരണമെന്ന് സംശയിക്കുന്ന ഡ്രോണിന്റെ ചെറിയ ഭാഗങ്ങൾ കണ്ടെത്തി,” പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പ്രസ്താവനയിൽ പറയുന്നു.

യുഎഇയിൽ ഒരു സൈനിക ഓപ്പറേഷൻ നടത്തിയതായും വരും മണിക്കൂറുകളിൽ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള സൈനിക സഖ്യവുമായി പോരാടുന്ന യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ സൈനിക വക്താവ് പറഞ്ഞു.

യെമനിലെ ഊർജ്ജോത്പാദന മേഖലകളായ ഷാബ്‌വയിലും മാരിബിലും ഹൂതികൾക്കെതിരായ പോരാട്ടത്തിൽ യുഎഇയുടെ പിന്തുണയുള്ള സഖ്യകക്ഷി അനുകൂല സേന പങ്കുചേർന്നിട്ടുണ്ട്.

2019-ൽ യെമനിലെ സൈനിക സാന്നിദ്ധ്യം യുഎഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും ആയുധവും പരിശീലനവും നൽകിയ യെമൻ സേനയിലൂടെ അധികാരം നിലനിർത്തുന്നത് തുടരുകയാണ്.

ഹൂതികൾ സൗദി അറേബ്യയ്‌ക്ക് നേരെ അതിർത്തി കടന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആവർത്തിച്ച് നടത്തുകയും യു.എ.ഇയെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.