രണ്ടു വര്‍ഷത്തിലേറെയായി ജയിലില്‍; അറ്റ്ലസ് രാമചന്ദ്രന്‍ കടുത്ത അവശതയില്‍

“അറ്റ്‌ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” മലായാളികളുടെ മനസില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന പരസ്യ വാചകം ഇന്ന്  മലയാളി മറന്നു തുടങ്ങിയിരിക്കുന്നു.  സാമ്രാജ്യം നഷ്ടപ്പെട്ട് കഴുത്തറ്റം കടക്കെണിയിലാണ്ട് ദുബായ് ജയിലില്‍ ആ ശബ്ദം അറ്റ്‌ലസ് രാമചന്ദ്രന്‍ ഇന്നും കഴിയുന്നു. ജയിലില്‍ കഴിയുന്ന രാമചന്ദ്രന്റെ സ്ഥിതി വളരെ ദയനീയമാണെന്നാണ് വിവരം.

കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും  അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളില്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇതാണ് അദ്ദേഹത്തിന് ഇപ്പോഴുള്ള ഏക ആശ്വാസം.

ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുന്‍പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് രാമചന്ദ്രനെ ജയിലിലടയ്ക്കുകയായിരുന്നു. മസ്‌കറ്റിലും മറ്റുമുള്ള സ്ഥാപനങ്ങള്‍ വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്ത് ജയില്‍ മോചിതനാകാനുള്ള ശ്രമവും പലകാരണങ്ങള്‍ക്കൊണ്ട് പരാജയപ്പെട്ടു.

രാമചന്ദ്രനില്‍ നിന്ന് അറ്റ്‌ലസ് രാമചന്ദ്രനായി മാറിയ അദ്ദേഹത്തെ ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് തകര്‍ച്ചയിലേക്കെത്തിച്ചത്. തുടര്‍ന്ന് ചെക്ക് കേസില്‍ ജയിലിലുമായി. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട് മറുനാടന്‍ മലയാളി