ഗൾഫ് രാജ്യങ്ങളിൽ ജോലി അന്വേഷിച്ച് പോകുന്നവർ നിരവധിയാണ്. സന്ദർശകവിസയിൽ എത്തി ജോലി അന്വേഷിച്ച് കണ്ടുപിടിച്ച് തൊഴിൽ വിസയിലേക്ക് മാറി ജോലി ഉറപ്പാക്കുന്നവരാണ് അധികവും. എന്നാൽ അത്തരത്തിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് അത്ര സുഖകരമായ വാർത്തയല്ല ബഹ്റൈനിൽ നിന്നും പുറത്തുവരുന്നത്. സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന.
ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുക, തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുക, ദേശീയ തൊഴിൽ ശക്തിയെ ശക്തിപ്പെടുത്തുക, ബഹ്‌റൈൻ പൗരന്മാരുടെ തൊഴിലിന് മുൻഗണന നൽകുക എന്നീ വിഷയങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് സന്ദർശക വീസകൾ തൊഴിൽ വീസയിലേക്ക് മാറുന്നത് തടയാനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.നിയന്ത്രണങ്ങൾ കർശനമാക്കുന്നത് കൂടാതെ, ടൂറിസ്റ്റ് വീസകളും വർക്ക് പെർമിറ്റുകളും ഉൾപ്പെടെ എല്ലാ വീസകളുടെയും റസിഡൻസ് പെർമിറ്റുകളുടെയും നിയന്ത്രണങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാഷണൽ, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻപിആർഎ) കർശനമാക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
സന്ദർശക വീസകൾ വർക്ക് പെർമിറ്റാക്കി മാറ്റരുതെന്ന് സ്പോൺസർമാരോട് ആവശ്യപ്പെടുന്നതുൾപ്പെടെ, വീസകൾ സംബന്ധിച്ച കർശനമായ നിയന്ത്രണങ്ങൾ നടപ്പിലാക്കി വരികയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.മലയാളികൾ അടക്കമുള്ള നിരവധി തൊഴിൽ രഹിതരാണ് ബഹ്റൈനിലേക്ക് സന്ദർശക വീസയിൽ എത്തി ജോലി അന്വേഷിക്കുന്നത്. സന്ദർശക വീസയിൽ നിന്ന് തൊഴിൽ വീസയിലേക്ക് രാജ്യത്ത് താമസിച്ച് കൊണ്ട് തന്നെ മാറാൻ കഴിയില്ലെന്ന വ്യവസ്‌ഥ പ്രാബല്യത്തിൽ വന്നാൽ അത് നിരവധിപ്പേർക്ക് തിരിച്ചടിയാകും.
നിലവിൽ നിരവധി കമ്പനികളിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് പലരും ‘ലോക്കൽ ട്രാൻസ്ഫർ‘ ,അല്ലെങ്കിൽ വീസിറ്റിങ് വീസയിൽ എത്തിയ ഉദ്യോഗാർഥികളെയോ ആണ് കൂടുതലും പരിഗണിക്കുന്നത്. വിമാന ടിക്കറ്റ് നൽകേണ്ട, നിരവധി ഉദ്യോഗാർഥികളെ നേരിട്ട് അഭിമുഖം നടത്താം, സന്ദർശക വീസയിൽ എത്തിയവർ ഏതു വിധേനയെങ്കിലും ജോലിയിൽ കയറാൻ താൽപ്പര്യം ഉള്ളവർ ആയതു കൊണ്ട് തന്നെ കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകും എന്നിങ്ങനെയൊക്കെയുള്ള സൗകര്യങ്ങളാണ് കമ്പനികളെ ഇത്തരത്തിൽ ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്.
നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഗൾഫ് തൊഴിൽ പരിചയം ഉള്ളവരെയാണ് കമ്പനികൾ കൂടുതലും അന്വേഷിക്കുന്നത്. കുറഞ്ഞ ശമ്പളം ആയാലും അങ്ങനെ ഒരു ‘ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ‘ എങ്കിലും ലഭിക്കുമല്ലോ എന്നാണ് ഉദ്യോഗാർഥികളും കരുതുന്നത്. ലേബർ മേഖലയിലും സാങ്കേതിക വിദഗ്ധർ ആയ ഉദ്യോഗാർഥികളെയുമാണ് കമ്പനികളിൽ കൂടുതൽ ആവശ്യവും.