പുതുവത്സരത്തില്‍ ബുര്‍ജ് ഖലീഫ ലോകത്തിന് സമ്മാനിച്ച “ലൈറ്റ് അപ്പ് 2018” വിസ്മയത്തിന് ഗിന്നസ് റെക്കോര്‍ഡ്. ഒരു കെട്ടിടത്തില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയെന്ന നിലയ്ക്കാണ് 10 ലക്ഷത്തിലേറെ പേരെ സാക്ഷി നിര്‍ത്തിയുള്ള ഈ നേട്ടം. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരമര്‍പ്പിച്ചായിരുന്നു പരിപാടി. ഷെയ്ഖ് സായിദിന്റെ നൂറാം ജന്മദിനം പ്രമാണിച്ച് സായിദ് വര്‍ഷാചരണത്തിനും രാജ്യം സാക്ഷ്യം വഹിക്കുകയാണ്.
ഇന്നലെ വൈകുന്നേരത്തോടെ ബുര്‍ജ് ഖലീഫയിലേക്കും ഡൗണ്‍ടൗണിലേക്കുമുള്ള റോഡുകള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു. പൊലീസും ആര്‍ടിഎയും ആസൂത്രണം ചെയ്ത ഗതാഗത ക്രമീകരണങ്ങളുടെ മികവിലാണ് ദുബായ് നഗരം ഇന്നലെ നീങ്ങിയത്. വെടിക്കെട്ട് ഇല്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ബുര്‍ജ് ഖലീഫയില്‍ ഒരുക്കുന്ന അത്ഭുതമെന്താവും എന്നു കാത്തിരുന്നവരുടെ മനസില്‍ മാസ്മരിക സംഗീതത്തിന്റെ അകമ്പടിയില്‍ കൗണ്ട് ഡൗണ്‍ മുഴങ്ങി. പിന്നെ പുതുവര്‍ഷ ആശംസാ സന്ദേശം വര്‍ണമായി ഒഴുകി. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജന്‍മശതാബ്ദി പ്രമാണിച്ച് സായിദ് വര്‍ഷം ആചരിക്കുന്നതിന്റെ സന്ദേശവും ഉയര്‍ന്നു. പിന്നാലെ രാഷ്ട്ര പതാകയും അടയാള ചിഹ്‌നങ്ങളും ബുര്‍ജിനു മേല്‍ തെളിഞ്ഞു. ഇന്നലെ അര്‍ധ രാത്രി നടന്ന പരിപാടി ടെലിവിഷന്‍ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 250 കോടി ആള്‍ക്കാരാണ് തല്‍സമയം ആസ്വദിച്ചത്.
ബുര്‍ജ് ഖലീഫയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ലോക റെക്കോര്‍ഡിലേയ്ക്ക് എത്തിയത് ഒട്ടേറെ വിദഗ്ധര്‍ മാസങ്ങളോളം പഠനവും ആലോചനകളും നടത്തി ഒരുക്കിയ മികച്ച പദ്ധതിയിലൂടെയാണ്. ലേസര്‍ രശ്മികളുപയോഗിച്ചാണ് ലൈറ്റ് ആന്‍ സൗണ്ട് ഷോ നടത്തിയത്. ഇതിനായി നിരവധി ലൈറ്റുകളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചു. 28.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിളുകള്‍ വേണ്ടി വന്നു. ഇതില്‍ 7.7 കിലോമീറ്റര്‍ വൈദ്യുതി കേബിളും, 21 കിലോമീറ്റര്‍ നെറ്റ് വര്‍ക് സിഗ്‌നല്‍ കേബിളുകളുമായിരുന്നു. 76.3 ദശലക്ഷം പ്രകാശപ്രവാഹ ഏകകത്തിലൂടെ ലോകത്തെ ഏറ്റവും തെളിച്ചമുള്ള സ്ഥലമായിത്തീര്‍ന്നു ബുര്‍ജ് ഖലീഫ. മനുഷ്യ നേത്രങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടാക്കാത്ത വിധത്തിലാണ് വെളിച്ചം ക്രമീകരിച്ചത്. എല്‍ഇഡി ബള്‍ബുകള്‍ 25.3 കി.മീ. നീളമുള്ള ചരടില്‍ കോര്‍ത്തു. ഇതിന് 20 ടണ്‍ ഭാരം വരുന്ന പ്രത്യേക സ്റ്റീല്‍ ചരടാണ് പിന്തുണ നല്‍കിയത്. ഇതോടൊപ്പം ഡൗണ്‍ടൗണിലെ ദുബായ് ഫൗണ്ടെയിനില്‍ സംഗീതവും ജല വിന്യാസവും ഉപയോഗിച്ച് നടത്തിയ പ്രത്യേക പരിപാടിയും നടന്നു.