സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈറ്റും വിശ്വാസികള്‍ക്കായ് പള്ളികള്‍ തുറക്കുന്നു. ഘട്ടം ഘട്ടമായി പള്ളികള്‍ തുറക്കാനാണ് തീരുമാനം. 1600 പള്ളികളാണ് രാജ്യത്തുള്ളത്. ഇതില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ 908 പള്ളികളാണ് കര്‍ശന നിയന്ത്രണങ്ങളോടെ ആദ്യഘട്ടത്തില്‍ തുറന്നുകൊടുക്കുക.
പള്ളികള്‍ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി അണുമുക്തമാക്കല്‍ ആരംഭിച്ചു. ഞായറാഴ്ച മുതല്‍ അണുമുക്തമാക്കല്‍ ആരംഭിച്ചതായി ഔഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് ഇമാദി അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് മതകാര്യ മന്ത്രാലയം പള്ളികള്‍ അണുമുക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസത്തിലധികമായി പള്ളികള്‍ അടഞ്ഞു കിടക്കുകയാണ്.
കര്‍ശന ആരോഗ്യ മുന്‍കരുതല്‍ പാലിച്ചാണ് നമസ്‌കരിക്കുന്നവരെ പള്ളികളിലേക്ക് കടത്തിവിടുക. വിശ്വാസികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. പരസ്പരം ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല. സ്വന്തമായി മുസല്ല കൊണ്ടുവരണം. വീട്ടില്‍നിന്ന്? അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താന്‍. നിര്‍ബന്ധ നമസ്‌കാര സമയങ്ങളില്‍ മാത്രമേ പള്ളികളില്‍ പ്രവേശനം അനുവദിക്കൂ.