രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി കുവൈറ്റ്

രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. ഓഗസ്റ്റ് 1 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ 30% സര്‍വീസ് തുടങ്ങും. പിന്നീട് ഇത് 60% ആക്കും. മൂന്നാംഘട്ടത്തില്‍ സര്‍വീസ് പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കും. നിലവില്‍ ചരക്കുനീക്കവും വിദേശങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കാനും രാജ്യത്തുള്ള വിദേശികളെ തിരിച്ചയക്കാനുമുള്ള സര്‍വീസുകളും തുടരുന്നുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് ആദ്യ വാരമാണു കുവൈറ്റില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.