വ്യാജ വിസകള്‍ തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ തൊഴില്‍ വിസകളില്‍ ഇനി മുതല്‍ ബാര്‍കോഡ് രേഖപ്പെടുത്തും. ആഭ്യന്തര വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ മാന്‍പവര്‍ അതോറിറ്റിയാണ് ബാര്‍കോഡ് സംവിധാനത്തിനു തുടക്കമിട്ടിരിക്കുന്നത്. വ്യാജ വിസ വിതരണം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിന് പുതിയ സംവിധാനം ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ .
വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വേളയില്‍ അതത് രാജ്യത്തുള്ള കുവൈത്ത് എംബസിക്കോ കോണ്‍സുലാര്‍ വിഭാഗത്തിനോ ബാര്‍കോഡില്‍ രേഖപ്പെടുത്തിയ വിവരങ്ങളും തൊഴിലാളിയുടെ പാസ്‌പോര്‍ട്ട് രേഖകളും തമ്മില്‍ ഒത്തു നോക്കുന്നതിനും വിസ സ്റ്റാമ്പിങ്ങിനു മുമ്പ് തൊഴില്‍ പെര്‍മിറ്റിന്റെ സാധുത കാലാവധി എന്നിവ പരിശോധിച്ച് ഉറപ്പു വരുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ ഇലക്ട്രോണിക് സേവനജാലകമായ അസ്ഹലിന്റെ ഭാഗമായാണ് ബാര്‍കോഡ് സംവിധാനം നടപ്പാക്കിയത് .
വര്‍ക്ക് പെര്‍മിറ്റിന് നിബന്ധനകളോടെ മൂന്നു വര്‍ഷം വരെ കാലാവധി അനുവദിക്കുമെന്നും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.
Read more
തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസന്‍സിനും തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിനും മൂന്നു വര്‍ഷത്തിലേറെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മൂന്നു വര്‍ഷത്തേക്ക് തുടര്‍ച്ചയായി വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധന. കരാര്‍ പാലിക്കുമെന്ന് തൊഴിലുടമയുടെ രേഖാമൂലമുള്ള ഉറപ്പും ഹാജരാക്കണം. കാലാവധി അവസാനിക്കുന്നതിന്റെ ആറ് മാസം മുമ്പ് വര്‍ക്ക് പെര്‍മിറ്റ് നിബന്ധനകളോടെ പുതുക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.