ദുബൈയിലേക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കി. ദുബൈയിൽ കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ വിശദീകരണം. രാവിലെ 10.30ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വൈകിട്ട് 5.05 ന് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി.
യാത്രക്കാരുടെ ചെക്ക് ഇൻ നടപടികൾ നിർത്തിവെച്ച നടപടി എമിറേറ്റ്സ് എയർലൈൻസ് ഇന്ന് രാവിലെ 9 വരെ നീട്ടിയിട്ടുണ്ട്. ദുബായ് എയർപോർട്ട് ടെർമിനൽ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രക്കാർക്ക് മാത്രമായി നിയന്ത്രണമേർപ്പെടുത്തി. എയർപോർട്ടുകളിൽ കുടുങ്ങിയ യാത്രക്കാരിൽ ഭൂരിഭാഗവും ദുരിതത്തിലാണ്.