ദുബായിലെ ഇക്കോ ടൂറിസം പദ്ധതി ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

ദുബായിലെ ഇക്കോ ടൂറിസം പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. മരുഭൂമി സംരക്ഷണ പദ്ധതിയായ മര്‍മം റിസര്‍വ് പദ്ധതിയുടെ ഉദ്ഘാടനമാണ് ഷെയ്ഖ് മുഹമ്മദ് നിര്‍വഹിച്ചത്. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്.

ദുബായിലെ മൊത്തം വിസ്തൃതിയുടെ 10 ശതമാനം പദ്ധതിയിലൂടെ സംരക്ഷിത മേഖലയായി സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെ പരിസ്ഥിതി, സാംസ്‌കാരിക, സ്‌പോര്‍ട്‌സ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 20 പദ്ധതികള്‍ ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.

പദ്ധതിയിലൂടെ 40 ഹെക്ടറോളം സ്ഥലത്ത് പച്ചക്കറി കൃഷിയും 204 ഇനം പക്ഷികളുടെ ആവാസ്ഥ വ്യവസ്ഥ സംരക്ഷിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ഇതു കൂടാതെ 10 കിലോമീറ്ററോളം വരുന്ന തടാകങ്ങളും സംരക്ഷിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.