വന്ദേഭാരത് മിഷന്‍; യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റം

ദുബായില്‍ നിന്ന് ഇന്ന് പുറപ്പെടുന്ന രണ്ട് വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 1.55ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് IX 1540 രാത്രി എട്ടിനായിരിക്കും പുറപ്പെടുക. യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് റിപ്പോര്‍ട്ട് ചെയ്യണം.

ഇന്ന് ഉച്ചയ്ക്ക് 12.10ന് ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്  IX 1344 വിമാനം വൈകിട്ട് അഞ്ചിനായിരിക്കും പുറപ്പെടുക. യാത്രക്കാര്‍ ഉച്ചയ്ക്ക് 12-ന് ടെര്‍മിനല്‍ രണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.

യു.എ.ഇ. യിലെ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കാത്തത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ജൂലൈ നാല് മുതലുള്ള വിവിധ ചാര്‍ട്ടേഡ് സര്‍വീസുകള്‍ക്കാണ് ഇന്ത്യ അനുമതി നിഷേധിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് എയര്‍ അറേബ്യ അധികൃതര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് യു.എ.ഇ. വിമാനക്കമ്പനികള്‍ക്ക് ഇന്ത്യ അനുമതി നിഷേധിച്ച കാര്യം എടുത്തു പറഞ്ഞിരിക്കുന്നത്. അതേസമയം ഇന്ത്യയുടെ വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്നുമുണ്ട്.