ലോകത്തിലെ ഏറ്റവും വിലകൂടിയ വീടിന്റെ ഉടമ സൗദി കിരീടാവകാശി

ലോകത്തിന്റെ ഏറ്റവും വില കൂടിയ വീടിന്റെ അധിപന്‍ സൗദിയുടെ കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദാണെന്ന് വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 1923.6 കോടി രൂപ വിലവരുന്ന വീടാണ് സല്‍മാന്‍ രാജാവിന്റെ മകനുള്ളത്.

പടിഞ്ഞാറന്‍ പാരിസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റലൗ ലൂയി പതിനാലാണ് സൗദിയുടെ കിരീടാവകാശി സ്വന്തമാക്കിയിരിക്കുന്ന വീട്.

ഈ വീട് ആരോ വാങ്ങിയിരന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അത് ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ മാത്രമാണ് ആ പേരിന് ഉടമ സൗദി രാജകുമാരനാണെന്ന് പുറത്തുവരുന്നത്.

പതിനേഴാം നൂറ്റാണ്ടിലെ വാസ്തുവിദ്യ അടിസ്ഥാനമാക്കി ഫ്രഞ്ച് കൊട്ടാരങ്ങളുടെ സാദൃശ്യത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ നിര്‍മ്മിതിക്ക് കാലികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുമുണ്ട്. ഒരു ആധുനിക ആഢംബര വീടിന് വേണ്ടതെല്ലാം ഈ വീടിനുള്ളില്‍ സജ്ജമാക്കിയിട്ടുണ്ട്.

സിനിമാ ഹൗസ്, ഡീലക്‌സ് സ്വിമ്മിംഗ് പൂള്‍, അണ്ടര്‍വാട്ടര്‍ ചേമ്പര്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളുണ്ട് ഈ വീടിന്. 57 ഏക്കറിലായിട്ടാണ് വീടും അതോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്‌പേസും ഗാര്‍ഡനുമൊക്കെ സജ്ജീകരിച്ചിരിക്കുന്നത്.

ഈ ആഢംബര വീട് കൂടാതെ 500 മില്യണ്‍ ഡോളറിന്റെ യാച്ചും 450 മില്യണ്‍ ഡോളറിന്റെ ഡാവിഞ്ചി പെയ്ന്റിംഗുമൊക്കെ സൗദി രാജകുമാരന് സ്വന്തമായുണ്ട്.