യുവസംരഭകനും യുകെ മലയാളിയുമായ അഡ്വ സുഭാഷ് ജോര്‍ജ്ജ് യുകെയിലെ മലയാളി സമൂഹത്തിന് മാത്രമല്ല ബ്രിട്ടീഷ് പൊലീസിനും ഹീറോയാണ്. അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസിന് പിടികൂടാനായത് ഈ മലയാളിയുടെ കുശാഗ്ര ബുദ്ധി കൊണ്ടു കൂടിയാണ്. മലയാളിയായ അഡ്വ : സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ സഹായത്തോടെ ആഡംബര കാറുകള്‍ മോഷ്ടിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്ന അന്താരാഷ്ട്ര വാഹന കവര്‍ച്ചാ മാഫിയയെയാണ് ബ്രിട്ടീഷ് പൊലീസ് തങ്ങളുടെ വലയിലാക്കിയത്. സുഭാഷിന്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന് തുണയായത്. തന്റെ ബിഎംഡബ്ല്യു കാര്‍ വീട്ടുമുറ്റത്ത് നിന്ന് മോഷ്ടിച്ചു കൊണ്ടുപോയതോടെയാണ് മാഫിയ സംഘത്തിന് പിന്നാലെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഡ്വ സുഭാഷ് ജോര്‍ജ്ജ് കൂടിയത്.
മലയാളിയും യുവ സംരംഭകനുമായ സുഭാഷിന്റെ നോര്‍ത്താംപ്ടണിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ 7 സീരിയസാണ് മോഷണം പോയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ബന്ധമുള്ള മോഷണ സംഘമാണ് വാഹന കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതും മോഷ്ടിച്ച വാഹനം രാജ്യ തീരം വിടും മുമ്പ് ബ്രിട്ടീഷ് പൊലീസ് സംഘാംഗങ്ങളെ അടക്കം സുഭാഷിന്റെ സഹായത്തോടെ പൂട്ടിയത്. ആപ്പിള്‍ എയര്‍ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ വാഹനം ട്രാക്ക് ചെയ്താണ് പൊലീസിന് പ്രതികളെ പിടികൂടാന്‍ സുഭാഷ് തുണയായത്.
മോഷണം പോയ കാര്‍ ഡ്രൈവര്‍ ഇല്ലാതെ റിമോര്‍ട്ടില്‍ ഓടുന്ന കാറായിരുന്നു, ബില്‍ഡ് യുവര്‍ ബി എം ഡബ്‌ളിയു എന്ന ഓപ്ഷനിലൂടെ അഡ്വക്കേറ്റ് സുഭാഷ് കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ചതായിരുന്നു ഈ വാഹനം.എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിര്‍വീര്യമാക്കിയാണ് അന്താരാഷ്ട്ര മോഷ്ടാക്കള്‍ ആഡംബര കാര്‍ കടത്തിയതെന്ന് കേള്‍ുമ്പോള്‍ തന്നെ എത്ര സംഘടിതമായി പ്രവര്‍ത്തിക്കുന്ന മാഫിയയാണ് ഇതെന്ന് വ്യക്തമാകും. സംഭവ ദിവസം രാവിലെ മോഷ്ടാക്കളായ മൂന്ന് പേര്‍ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളില്‍ പതിയുകയും ചെയ്തിരുന്നു. സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോര്‍ ബെല്‍ ക്യാമറകള്‍ ഉള്‍പ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് മാഫിയ സംഘം കാര്‍ മോഷണം നടത്തിയത്.
സിംഗിള്‍ ഐഡിയുടെ കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ: സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കാറിനുള്ളില്‍ കമ്പനി ഇന്‍സ്റ്റോള്‍ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്റ്റെവെയറിനെയും പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാക്കിയാണ് കവര്‍ച്ചാ സംഘം വണ്ടി കടത്തിക്കൊണ്ടുപോയത്. ഇത്രയും സാങ്കേതിക തികവോടെ നടത്തിയ മോഷണം ബ്രിട്ടീഷ് പൊലീസിനെയും ആശങ്കപ്പെടുത്തി.
മമ്മൂട്ടി ചിത്രത്തിന്റെ ഡി എന്‍ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെത്തിയിരുന്നു സുഭാഷ് ജോര്‍ജ്ജ് മടങ്ങി എത്തിയതിന് പിന്നാലെയാണ് മോഷണം നടന്നത്. മോഷ്ടിച്ച ഉടന്‍ വാഹനം ഹണ്ടിങ്ടണിലെ ടി സി ഹാരിസണ്‍ എന്ന ഗാരേജിലെത്തിച്ചതായി ട്രാക്കിംഗ് വഴി മനസിലാക്കിയ സുഭാഷ് അപ്പോള്‍ തന്നെ വിവരം ബ്രിട്ടീഷ് പൊലീസിനെ അറിയിച്ചു. പക്ഷേ പൊലീസ് ഗാരേജില്‍ പോയി അന്വേഷിച്ചെങ്കിലും വാഹനം കണ്ടെത്താനാകാത്തത് വലിയ ഞെട്ടലുളവാക്കി.
സംശയാസ്പദമായി ഒന്നും തന്നെ അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷണശേഷം വണ്ടി വഴിയില്‍ വച്ച് ഒരു ട്രക്കില്‍ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കള്‍ കാര്‍ ഗാരേജില്‍ എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് പിന്നീട് എത്തിച്ചേര്‍ന്നത്. അവിടെ നിന്ന് മോഷ്ടാക്കള്‍ കാര്‍ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടണ്‍ റോഡിലെ റിവര്‍ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിലേക്ക് മാറ്റിയെന്നും ആപ്പിള്‍ എയര്‍ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ വാഹനം ട്രാക്ക് ചെയ്തതിലൂടെ മനസിലായി. അവിടെ പാര്‍ക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടല്‍മാര്‍ഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം.
Read more
ഹണ്ടിങ്ടണില്‍ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനില്‍ ലൈവായി ബ്രിട്ടീഷ് പൊലീസിന് വഴികാട്ടി. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പൊലീസ് ഉള്‍പ്പെടെ എത്തി ഗോഡൗണ്‍ ഉടമ ഉള്‍പ്പടെയുള്ള മാഫിയ സംഘത്തെ പിടികൂടുകയായിരുന്നു. ഗോഡൗണിലെ പരിശോധനയില്‍ ബ്രിട്ടീഷ് പൊലീസ് ഇതുപോലെ മോഷ്ടിക്കപ്പെട്ട അനേകം കാറുകള്‍ പൊളിച്ച കടത്താന്‍ വച്ചിരിക്കുന്നതായും കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരം അനുസരിച്ച് ഓര്‍ഡര്‍ കാറുകള്‍ മോഷ്ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓര്‍ഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു സുഭാഷിന്റെ സഹായത്തോടെ കുടുക്കിയ ഈ മോഷ്ടാക്കള്‍. ഇവരെ പിടികൂടാന്‍ സഹായിച്ചതിന് ബ്രിട്ടീഷ് പൊലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. ഈ മാഫിയയുടെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് കൂടി ബ്രിട്ടീഷ് പൊലീസ് അറിയിച്ചിട്ടുണ്ട്. വാഹനമോഷണം ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് വാഹന മോഷണ സംഘത്തെ പിടികൂടിയത് വലിയ ആശ്വാസമായിട്ടുണ്ട്.