ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് ഏഴ് കോടി രൂപ വിലയിട്ട് യു.എസ്; അല്‍ക്വയ്ദയുടെ യുവനേതാവിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു

അല്‍ക്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്ക് ഏഴ് കോടി രൂപ വിലയിട്ട് അമേരിക്ക രംഗത്ത്. ഹംസയെ സംബന്ധിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് തുക പ്രഖ്യാപിച്ചിരിക്കുന്നത് 10 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 70800000 രൂപ) തുകയാണ് വാഗ്ദാനം. ഒളിവിലായിരിക്കുന്ന ഹംസയെ കണ്ടെത്താന്‍ സഹായിക്കുന്ന തരത്തില്‍, അതായത് എവിടെയാണെന്നതു സംബന്ധിച്ച വിവരം നല്‍കുന്നതിനാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലായിരിക്കും ഹംസയെന്നാണ് യുഎസിന്റെ നിഗമനം. ചിലപ്പോള്‍ ഇറാനിലേക്ക് രക്ഷപ്പെടുന്നതിനും സാധ്യതയുണ്ട്. യുഎസ് നയതന്ത്ര സുരക്ഷാ അസിസ്റ്റന്റ് സെക്രട്ടറി മൈക്കല്‍ ടി. ഇവാനോഫാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒസാമ ബിന്‍ ലാദന്റെ മകനായ ഹംസ അല്‍ക്വയ്ദയുടെ യുവ നേതാവായി വളര്‍ന്ന് വരുന്നതിന് തടയിടുന്നതാണ് അമേരിക്കയുടെ നീക്കം. ഇതിനകം തന്നെ ഹംസ യുഎസിനും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഈ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തു വന്നതോടെയാണ് യുഎസ് ഹംസയ്ക്കായി വലവരിക്കാന്‍ തുടങ്ങിയത്. അല്‍ക്വയ്ദയുടെ യുവനേതാവിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചു. മൈക്കല്‍ ടി. ഇവാനോഫാണ് പ്രഖ്യാപനം നടത്തിയത്.

തന്റെ പിന്‍ഗാമിയായി ലാദന്‍ കരുതിയിരുന്നത് ഹംസയെയാണ്. ഇത് സംബന്ധിച്ച കത്തുകള്‍ യുഎസിന് ലഭിച്ചിരുന്നു. അബോട്ടാബാദില്‍ കൊല്ലപ്പെടുമ്പോള്‍ ഹംസയുടെ അമ്മയും ഭാര്യയുമായ ഖൈറാ സബറിന് ലാദന്‍ ഒപ്പം അവിടെ താമസിച്ചിരുന്നതായി യുഎസ് കണ്ടെത്തിയതാണ്.