ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുമ്പോള്‍ അമേരിക്കന്‍ തെരുവുകള്‍ കൂടുതല്‍ പ്രക്ഷുബ്ധം. പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 50-ഓളം നഗരങ്ങളിലാണ് ആളുകള്‍ തെരുവിലുള്ളത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20-ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് വന്‍ റാലികളാണ് നടത്തുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ലൊസാഞ്ചലസ് ഉള്‍പ്പെടെ പലയിടത്തും അക്രമം തടയാന്‍ നാഷനല്‍ ഗാര്‍ഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. അക്രമസംഭവങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. ഇതിനിടെ, മിനിയപൊളിസ് പൊലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു.
പൊലീസ് വെടിവെയ്പില്‍ ഇന്‍ഡ്യാനപൊളിസില്‍ ഒരാള്‍ മരിച്ചു. പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവെച്ച പ്രതിഷേധക്കാര്‍ വെര്‍ജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുര്‍ബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു.