പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഗവര്‍ണര്‍മാരുമായി നടത്തിയ വീഡിയോ ടെലി കോണ്‍ഫറന്‍സില്‍ സംസാരിച്ചപ്പോഴാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.
“പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുകയെന്നത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്വമാണ്, എന്റേതല്ല. പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതു ശക്തികളാണ്.” എന്നും ട്രംപ് ഗവര്‍ണര്‍മാരോട് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 50-ഓളം നഗരങ്ങളിലാണ് ആളുകള്‍ തെരുവിലുള്ളത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് 20-ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.